പള്ളിപെരുന്നാൾ - ഒരു അവലോകനം

എൻറ്റെ ഇടവകയായ അടൂർ തിരുഹൃദയ കത്തോലിക്കാപ്പള്ളിയുടെ 2022 ലെ പള്ളിപ്പെരുന്നാൾ വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. ദേവാലയത്തിന്റെ ചരിത്രത്തിൽ ഇത്രയും വർണ്ണാഭവും ആർഭാടവുമായ പള്ളിപ്പെരുന്നാൾ നടന്നിട്ടില്ലായെന്നാണ് ചരിത്രം അറിയാവുന്നവർ പറയുന്നത്. വികാരി റവ. ഫാ. തോമസ് പൂവണ്ണാലിനും ട്രസ്റ്റി റോയി ജോർജിനും സെക്രട്ടറി ടോം തോട്ടത്തിലിനും പെരുന്നാളിന്റെ മുഖ്യസംഘാടകൻ റോഷൻ ജേക്കബിനും മറ്റ് കമ്മിറ്റിയംഗങ്ങൾക്കും ആദ്യംതന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ന് രാവിലെ അഭി. മാത്യൂസ് മാർ പോളികാർപ്പസ് തിരുമേനിയുടെ ആഘോഷപൂർവ്വമായ വിശുദ്ധബലിക്കു ശേഷം ( https://youtu.be/k1v65Wdq1A8 ) നടന്ന കൊടിയിറക്കും നേർച്ചവിളമ്പും ഒരാഴ്ച്ച നീണ്ടുനിന്ന തിരുന്നാൾ മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു. ഒക്ടോബർ 22 രാത്രി മുതൽതന്നെ പള്ളിയും പരിസരവും ദീപാലങ്കൃതമായിരുന്നു. പള്ളിയുടെ ഇല്യുമിനേഷൻ ആയിരുന്നു ഈ വർഷത്തെ ഏറ്റവും വലിയ ആകർഷണം. ചന്ദനപ്പള്ളിയിലുള്ള VKS ലൈറ്റ് & സൗണ്ട് ഏജൻസിയാണ് അങ്ങേയറ്റം അഭിനന്ദനങ്ങൾ അർഹിക്കുന്ന ഈ അലങ്കാരക്രിയകൾ ഏറ്റെടുത്തു നടത്തിയത്. ഒക്ടോബർ 23 ഞായറാഴ്ച ആന്റണി മാർ സിൽവാനിയോസിന്റെ കർമികത്വത്തിൽ നടന്ന വിശുദ്ധ...