പീഡാനുഭവങ്ങളുടെ ഞായറാഴ്ച്ചകൾ

ആഴ്ച്ചാവസാനവും ഞായറാഴ്ചയും അടുക്കുന്തോറും മനസ്സിൽ ആധി വർദ്ധിക്കുകയാണ്. എന്തും സംഭവിക്കാം എന്ന മുൻവിധിയോടാണ് ഞായറാഴ്ച്ച 8:30 ന് പള്ളിയിലേക്ക് വലതുകാൽ വെച്ചു കയറുന്നത്. ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുമ്പോഴൊക്കെ വീക്കെൻഡ് അഥവാ ആഴ്ച്ചാവസാനം വലിയ ആവേശത്തോടെയായിരുന്നു കാത്തിരുന്നത്. ആഘോഷമാക്കുന്ന വീക്കെൻഡിൽ ഞായറാഴ്ച്ച പള്ളിയിൽ പോയിരുന്നത് മുൻപോട്ടുള്ള വഴിയിൽ വലിയ ഊർജ്ജം നൽകിയിരുന്നു. ആഴ്ചയുടെ അവസാനം പള്ളിയിൽ പോവുക എന്നുള്ളത് ബാംഗ്ലൂരിലും ഖത്തറിലും ജോലി ചെയ്യുന്ന സമയത്താണ് ആരംഭിച്ചത്. അതിനുമുമ്പ് എയർ ഫോഴ്സിലും സൗദി അറേബ്യയിലുമായി ചെലവഴിച്ച 32 വർഷക്കാലം പള്ളിയിൽ പോക്ക് പരിപാടിയിലേ ഇല്ലായിരുന്നു. ചുരുക്കത്തിൽ, കഴിഞ്ഞ 18 വർഷങ്ങളിലെ വീക്കെൻഡിൽ ഉൾപ്പെട്ടിരുന്ന അനേകം പരിപാടികളിൽ ഒന്നുമാത്രമായിരുന്നു പള്ളിയിൽപോക്ക്. അത് പരമാവധി ഒന്നര മണിക്കൂർ കൊണ്ട് തീരുമായിരുന്നതുകൊണ്ട് ഒരു ശല്യമായി ഒരിക്കലും കണ്ടിരുന്നില്ല. അടൂരിൽ എത്തിയതിനുശേഷവും (2015 ന് ശേഷം) ഞായറാഴ്ച്ച കുർബാനയ്ക്ക് ഒന്നര മണിക്കൂർ നീക്കി വെക്കുമായിരുന്നു. അരീക്കലച്ചനും നെടിയത്തച്ചനും പൂവണ്ണാലച്ചനും ഒക്കെ ഇവിടെ വികാരിമാരായിരുന്ന സ...