ബൈബിൾ എന്റെ ജീവിതത്തിൽ


ബൈബിൾ ദൈവത്തിൽനിന്നും മനുഷ്യരക്ഷക്കുവേണ്ടി അയയ്ക്കപ്പെട്ട പുസ്തകമാണെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യം ബാല്യകാലം മുതലേ അഭിമുഖീകരിക്കുന്നതാണ്. കൂടുതലായും മത-പൗരോഹിത്യ ഉറവിടങ്ങളിൽനിന്നും എന്നെ പരീക്ഷിക്കുവാനായിട്ടാണ് ഈ ചോദ്യം ചോദിക്കുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒട്ടും പതറാതെ ഞാൻ മറുപടി പറയാറുണ്ട്. ബൈബിളും മറ്റു പല പുസ്തകങ്ങളെയും പോലെ വിശുദ്ധമാണ്; അതിൽ നിന്നും ആൽമീയമായി മറ്റൊരു തലത്തിലേക്കു ഉയരുവാൻ ഉതകുന്ന പലതും മനുഷ്യന് പഠിക്കുവാനുണ്ട് എന്നുമായിരുന്നു എപ്പോഴും എന്റെ മറുപടി.

Read in English

ബൈബിൾ ഒരു മത ഗ്രന്ഥമാണ്. ഖുറാൻ, ഭഗവദ് ഗീത, ഗുരുഗ്രന്ഥ സാഹിബ്‌ എന്നിവയെപ്പോലെ ഒരു മതത്തിലെ വിശ്വാസികൾ വിശുദ്ധമായി കരുതുന്ന ഒരു പുസ്തകമാണ് ബൈബിൾ. എന്നാൽ, മനുഷ്യന് പഠിക്കുവാനുള്ളതെല്ലാം ബൈബിളിലുണ്ടെന്നും മനുഷ്യകുലത്തിനു ബൈബിൾ എന്ന ഒരേയൊരു പുസ്തകം മതിയെന്നും എനിക്ക് അഭിപ്രായമില്ല; ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നുമില്ല.

മറ്റുള്ള ജീവജാലങ്ങളും മനുഷ്യനും തമ്മിലുള്ള ആത്യന്തികമായ വ്യത്യാസം മനുഷ്യന് ബുദ്ധിയും വിവേചന ശക്തിയും തന്നിട്ടുള്ളതാണെന്നും ദൈവത്തിന്റെ സ്വരൂപത്തിലാണ് ദൈവം മനുഷ്യനെ ശ്രഷ്ടിച്ചിരിക്കുന്നതെന്നും ക്രിസ്തുമതം പഠിപ്പിക്കുന്നു. എന്നാൽ ദൈവം മനുഷ്യന് കനിഞ്ഞു നൽകിയിരിക്കുന്ന വിവേചന ബുദ്ധി ഒരു കാരണവശാലും ഉപയോഗിക്കരുത്; മറിച്ച് വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അന്ധമായി വിശ്വസിക്കണമെന്ന് പറയുന്നത് പരസ്പര വിരുദ്ധമായ പഠനങ്ങളായാണ് എനിക്ക് ബാല്യത്തിൽ തന്നെ ബോധ്യപ്പെട്ടത്. 

കൂടാതെ ബൈബിളിന്റെ ആദ്യ അധ്യായങ്ങളിലെ സൃഷ്ടിയെക്കുറിച്ചുള്ള വിവരണങ്ങൾ ആദ്യം വായിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സമയത്തു തന്നെയായിരുന്നു ഭൂമിയും അതുൾക്കൊള്ളുന്ന പ്രപഞ്ചവും കോടാനുകോടി വർഷങ്ങൾക്ക് മുൻപേ രൂപം കൊണ്ടതാണെന്ന് സ്കൂളിൽ പഠിപ്പിച്ചത്. വേദപാഠക്‌ളാസ്സുകളിലും സ്‌കൂളിലും കൂടി ഒരേ സമയം നടന്ന സമാന്തരമായ രണ്ട് പഠനങ്ങളിൽക്കൂടി ചെറുപ്പത്തിൽ തന്നെ കുട്ടികളുടെ മനസ്സിൽ ഇത്തരം പരസ്പര വിരുദ്ധമായ ആശയങ്ങളുടെ വിത്തുകൾ പാകി അവരിൽ വലിയ മനസിക സംഘർഷം സൃഷ്ടിച്ച് അവരുടെ മനസ്സിന്റെ സ്വതന്ത്രവും സ്വാഭാവികവുമായ വളർച്ചയെ മുരടിപ്പിക്കുന്നത് വലിയ ബാലാവകാശ ലംഘനമായാണ് എനിക്കു തോന്നിയിട്ടുള്ളത്.

പരസ്പര വിരുദ്ധമായ രണ്ട് ആശയങ്ങൾ പഠിപ്പിക്കുമ്പോൾ അവയിലേത് വിശ്വസിക്കണം എന്ന സംശയം 1963 ലെയോ 64 ലെയോ ഒരു ഞായറാഴ്ച സണ്ടേസ്കൂൾ പരീക്ഷക്കുവേണ്ടി തയ്യാറെടുക്കുന്ന സമയത്ത് ഞാൻ എന്റെ പിതാവിനോട് ഉന്നയിച്ചു. നീ തൽക്കാലം ഒന്നും വിശ്വസിക്കേണ്ട; പഠിച്ചാൽ മാത്രം മതിയാവും, സണ്ടേസ്കൂൾ പരീക്ഷ പാസ്സാകാൻ ആ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പഠിക്കുക, സ്കൂളിലെ പരീക്ഷ പാസ്സാകാൻ സ്കൂളിൽ പഠിപ്പിക്കുന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പഠിക്കുക. സത്യം ഒരു കാലത്ത് നിനക്ക് വെളിപ്പെടും; ഏതാണ് സത്യം എന്ന അന്വേഷണമായിരിക്കട്ടെ ജീവിതം എന്നായിരുന്നു അന്ന് കറതീർന്ന കമ്മ്യൂണിസ്റ്റ്ന്റെകാരനായിരുന്ന എന്റെ പീതാവ് എനിക്കുതന്നെ മറുപടി.

അതുകൊണ്ടു തന്നെ മറ്റു ഭക്തന്മാർ പ്രകടിപ്പിക്കുന്നതുപോലെയുള്ള അതിരു കവിഞ്ഞ ആദരവ് ഒരു കാലത്തും എനിക്ക് ബൈബിളിനോട് തോന്നിയിട്ടില്ലായെന്നത്  സത്യമാണ്.

അന്ന് ലഭ്യമായിരുന്ന പല ബുക്കുകളും ചേർത്ത് ബൈബിൾ ഇന്നത്തെ രൂപത്തിൽ ശ്രഷ്ടിച്ചെടുത്തത് 400 AD യിലാണെന്ന് ചരിത്രം പഠിക്കുമ്പോൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. പിന്നീട് പല സമയത്ത് പല ചക്രവർത്തിമാരും ഭരണകർത്താക്കളും ബൈബിളിൽ പലതും കൂട്ടിച്ചേർക്കുകയും പരിഷ്കരിക്കുകയും ഒഴിവാക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെന്നും ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. 

മനുഷ്യനോട് ആശയവിനിമയം നടത്താൻ ദൈവം സ്വർഗ്ഗത്തിൽനിന്നും ഇറക്കിയ പുസ്തകമാണ് ബൈബിൾ എന്ന വിശ്വാസം ഏതായാലും ഒരു കാലത്തും എനിക്കില്ലായിരുന്നു. അത്രയൊന്നും ഗതികേടുള്ള ദൈവമല്ലല്ലോ നിരന്തരം എന്റെ മനസ്സാക്ഷിയോട് സംസാരിച്ചുകൊണ്ടിരിക്കുന്ന എനിക്ക് നന്മയും തിന്മയും വേർതിരിച്ചു കാട്ടി എന്നെ വഴി നടത്തുന്ന എന്റെ ദൈവം.. 

ജനിച്ചുവളർന്ന മതം ബൈബിളിനെ ഒരു വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നു. ആ മതത്തിന്റെ ഉദ്ബോധനങ്ങൾ ഉൾക്കൊള്ളാൻ ബാധ്യസ്ഥനായ ഞാൻ ഈ വിശുദ്ധ ഗ്രന്ഥത്തെ വണങ്ങുന്നു; നമിക്കുന്നു. എല്ലാ ദുഃഖവെള്ളിയാഴ്ചകളിലും കുരിശിനോടൊപ്പം വേദപുസ്തകവും ചുംബിച്ച് സഭയോടുള്ള കൂറ് പ്രകടമാക്കുന്നു.

Mathews Jacob
Published on 
www.chackosir.org

22-April-2004

Comments

Popular posts from this blog

പീഡാനുഭവങ്ങളുടെ ഞായറാഴ്ച്ചകൾ

എൻറ്റെ ദൈവം